CLUB NEWS

July 3, 2020

Share this on:

അടുത്ത സീസണിൽ ഞാൻ ശക്തമായി തിരിച്ചു വരും : ജിതിൻ എം എസ്

കോഴിക്കോട്, ജൂലൈ 3: പരിക്കു കാരണം കഴിഞ്ഞ സീസൺ മുഴുവൻ നഷ്ടപെട്ട ഗോകുലം കേരള എഫ് സി താരം ജിതിൻ എം എസ് അടുത്ത സീസണിൽ തിരിച്ചു വരുവാൻ തയാറെടുക്കുകയാണ് ഈ കോവിഡ് കാലത്ത്.

മെയ് മാസത്തിൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക് ആയി പ്രവേശിച്ച ജിതിൻ, തിരക്കുകൾക്കിടയിലും അടുത്ത സീസണിന് വേണ്ടി തയാറെടുക്കുവാൻ ഫുട്ബോൾ പരിശീലനം തുടരുന്നു.

സന്തോഷ് ട്രോഫി ജയിച്ച ടീമിന്റെ ഭാഗമായിട്ടാണ് ജിതിനു സർക്കാർ ജോലി കിട്ടിയത്. “ജോലി കിട്ടിയതിൽ വളരെയധികം സന്തോഷം ഉണ്ട്. കഴിഞ്ഞ വര്ഷം അലട്ടിയ പരിക്ക് മാറിയതിനാൽ ഇപ്പോൾ ജോലി കഴിഞ്ഞു എത്തിയാൽ പരിശീലനം ചെയ്യും. കോവിഡ് ആയതിനാൽ ഒറ്റയ്ക്കാണ് പരിശീലനം. എത്രെയും പെട്ടെന്നു എനിക്ക് കളിക്കളത്തിലേക്കു തിരിച്ചു വരണം,” ജിതിൻ പറഞ്ഞു.

“കഴിഞ്ഞ സീസൺ മുഴുവൻ പരിക്കുകൾ ആയിരിന്നു. പരിക്കുകൾ മാറി വന്നപ്പോഴേക്കും കോവിഡ് കാരണം ഫുട്ബോൾ നിന്നു. അടുത്ത സീസൺ ആണ് ഇനി എന്റെ ലക്‌ഷ്യം. ഗോകുലത്തിന്റെ മെയിൻ ടീമിൽ കളിക്കാൻ പറ്റും എന്നു തന്നെയാണ് എൻ്റെ വിശ്വാസം,” ജിതിൻ പറയുന്നു.

“ഗോകുലം കേരള എഫ് സിയുടെ കൂടെ നല്ല ഒരു സീസൺ ആയിരിന്നു. കളിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, നല്ല സപ്പോർട്ട് ആയിരിന്നു മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് കിട്ടിയത്. മെയിൻ ടീമിന്റെ കൂടെ തന്നെ ആയിരിന്നു. കൂടെ കളിക്കുന്നവരും ഒത്തിരി സഹായിച്ചു തിരിച്ചു വരുവാൻ വേണ്ടി.”

ക്ലബ് ഐ ലീഗിനായി നല്ല ഒരുക്കത്തിൽ ആണെന്നും വരാൻ പോകുന്ന സീസണിൽ ഏറെ പ്രതീക്ഷ ഉണ്ടെന്നും ജിതിൻ വ്യക്തമാക്കി. “കളിക്കാർക്ക് ഒരു കുടുംബം പോലെ ആണ് ടീം. ഇതാണ് ടീമിനു ഡ്യൂറൻഡ് കപ്പ് വിജയിക്കാനും ഐ ലീഗിൽ നല്ല പ്രകടനം നടത്തുവാനും പറ്റിയത്.”

“എല്ലാവരും ഒരു തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് അതിനു കഴിയും എന്നാണ് പ്രതീക്ഷ. അതിനായി ഞാൻ നന്നായി പ്രയത്നിക്കും.”

Subscribe our News Letter

Get all the updates from Gokulam Kerala FC