CLUB NEWS

September 19, 2021

Share this on:

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗോകുലം ഡ്യൂറൻഡ് ക്വാർട്ടറിൽ

കല്യാണി, സെപ്റ്റംബർ 19: ആസാം റൈഫിൾസിനു എതിരെ ഏഴു ഗോളുകൾ അടിച്ച ഗോകുലം ഗ്രൂപ്പ് ‘ഡി’ ചാമ്പ്യന്മാരായി ഡ്യൂറൻഡ് കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു.

നൈജീരിയൻ സ്‌ട്രൈക്കരായ ചിസം എൽവിസ് ചിക്കത്താറ ഹാറ്റ് ട്രിക്ക് നേടിയപ്പോൾ, ഗോവൻ താരം ബെനസ്‌റ്റോൺ രണ്ടു ഗോളുകളും, ഘാന താരം റഹീം ഒസുമാനു, കണ്ണൂരിൽ നിന്നുമുള്ള സൗരവ് ഓരോ ഗോളുകളും വീതവും നേടി. ആസാം രണ്ടു ഗോളുകൾ മടക്കി.

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ക്വാർട്ടറിൽ ഐ ലീഗ് ക്ലബായ മൊഹമ്മദൻസിനെ നേരിടും. സെപ്റ്റംബർ 23 നു ആണ് ക്വാർട്ടർ മത്സരം.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36ആം സെക്കൻഡിൽ തന്നെ ലീഡ് നേടി. എൽവിസ് ആയിരിന്നു ഗോൾ നേടിയത്. രണ്ടു മിനിറ്റിനുള്ളിൽ, ബെനസ്‌റ്റോൺ പ്രതിരോധനിരക്കാരെയും ഗോളിയെയും വെട്ടിച്ചു രണ്ടാമത്തെ ഗോൾ നേടി.

റിഷാദിന്റെ വളരെ നല്ല മുന്നേറ്റത്തിലാണ് മൂന്നാമത്തെ ഗോൾ ഗോകുലത്തിനു നേടുവാൻ കഴിഞ്ഞത്. വലതുപാർശ്വത്തിലൂടെ ആസാം താരങ്ങളെ വെട്ടിച്ചു വന്ന റിഷാദ്, ബോക്സിനു അകത്തായിരുന്ന റഹിമിന് പന്ത് എത്തിച്ചു നൽകുക ആയിരിന്നു. റഹീം അതുഗ്രൻ ഷോട്ടിലൂടെ വലയിലാക്കി.

റോജർ സിംഗിന്റെ ഗോളിലൂടെ ആസാം കളിയിൽ തിരിച്ചു വരുവാൻ ശ്രമിച്ചെങ്കിലും, ബെനസ്‌റ്റോൺ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോകുലത്തിനു വേണ്ടി നാലാം ഗോൾ നേടി.

രണ്ടാം പകുതിയിൽ നാല് മാറ്റങ്ങൾ വരുത്തിയ ഗോകുലം ആക്രമണ ഫുട്ബോൾ തുടർന്നും കളിച്ചു. എൽവിസ് രണ്ടു ഗോളുകളും, കണ്ണൂര്കാരൻ സൗരവ് ഒരു ഗോളും നേടി ഗോകുലത്തിനു മികവാർന്ന വിജയം സമ്മാനിച്ചു.

ആസാം റൈഫിൾസിന് വേണ്ടി സമുജൽ റബ രണ്ടാം ഗോൾ നേടി.

Subscribe our News Letter

Get all the updates from Gokulam Kerala FC