December 11, 2022
മലബാറിയൻസ് രാജസ്ഥാൻ യുണൈറ്റഡിനെ തിങ്കളാഴ്‌ച മഞ്ചേരിയിൽ നേരിടും

2022 ഡിസംബർ 12 തിങ്കളാഴ്ച ച വൈകിട്ട് 7:00 മണിക്ക് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 ഏഴാം റൗണ്ട് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡ് എഫ് സിയെ നേരിടും.
എവേ മാച്ചുകളിലെ നിരശാജനകമായ ഫലങ്ങൾക്ക് ശേഷം കഴിഞ്ഞ ഹോം മത്സരത്തിൽ സുദേവ എഫ് സി സ്വന്തം തട്ടകത്തിൽ 3 -0 തോൽപിച്ച ഗോകുലം ടീം മികവുറ്റ ഫോമിലാണ്. ആറു മത്സരങ്ങളിലും നിന്നും രണ്ടു ടീമുകൾക്കും പതിനൊന്നു പോയിന്റാണ് ഉള്ളത്.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് ഹോം മത്സരത്തിൽ കെങ്കറെ എഫ് സിയുടെ സമനില പിടിച്ചിരുന്നു. രണ്ടു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നിൽ വരുവാൻ വിജയം അനിവാര്യമാണ്.
മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ റിച്ചാർഡ് തോവ മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. “രാജസ്ഥാൻ വളരെ നല്ല ടീമാണ്. അത് കൊണ്ട് തന്നെ മത്സരം വളരെ കടുപ്പം ഉള്ളതായിരിക്കും. പക്ഷെ സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ മുൻതൂക്കം ഞങ്ങൾക്കുണ്ടാകും. അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ മുഴുവൻ പോയിന്റും നേടുവാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.”
മത്സരം യൂറൊ സ്പോർട്സ്, ഡി ഡി സ്പോർട്സ് ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കും.